വിചിത്രമായ സ്ഥലങ്ങൾ
ദൈവമേ, എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്? ഇത് ശരിക്കും ഞങ്ങൾക്ക് വേണ്ടിയുള്ള അങ്ങയുടെ പദ്ധതിയാണോ?
ഭർത്താവും, കൊച്ചുകുട്ടികളുടെ പിതാവും എന്ന നിലയിൽ, എനിക്ക് ഗുരുതരമായ ക്യാൻസർ രോഗമുണ്ടെന്നറിഞ്ഞപ്പോൾ ഇതുപോലെ കുറെ ചോദ്യങ്ങൾ എന്റെ മനസ്സിലേക്ക് ഇരച്ചുകയറി വന്നു. എന്തിനധികം, ഞങ്ങളുടെ കുടുംബം ഒരു മിഷൻ ടീമിനൊപ്പം പ്രവർത്തിച്ച് നിരവധി കുട്ടികൾ യേശുവിനെ രക്ഷകനായി സ്വീകരിക്കുന്നത് കണ്ടതേയുള്ളൂ. ദൈവം ഞങ്ങളുടെ വേലയ്ക്ക് നല്ല ഫലം തന്നുകൊണ്ടിരുന്നതാണ്. ഒരുപാട് സന്തോഷം ഉണ്ടായിരുന്നു. എന്നിട്ട് ഇപ്പോൾ എന്താണ് ഇങ്ങനെ?
സ്നേഹമുള്ള ഒരു വീട്ടിൽ നിന്ന് പറിച്ചെടുത്ത് വിചിത്രമായ ഒരു പുതിയ ലോകത്തേക്ക് തള്ളപ്പെട്ടതിന് ശേഷം എസ്ഥേർ ചോദ്യങ്ങളും, പ്രാർത്ഥനകളും ദൈവസന്നിധിയിൽ ചൊരിഞ്ഞിട്ടുണ്ടായിരിക്കാം (എസ്ഥേർ 2:8). അവളുടെ ബന്ധുവായ മൊർദ്ദെഖായി അവളെ അനാഥയായ ശേഷം സ്വന്തം മകളായി വളർത്തി (വാക്യം 7). എന്നാൽ പിന്നീട് അവളെ ഒരു രാജാവിന്റെ അന്തഃപുരത്തിൽ പാർപ്പിക്കുകയും ഒടുവിൽ രാജ്ഞിയായി ഉയർത്തുകയും ചെയ്തു (വാക്യം 17). എസ്ഥേറിന് എന്ത് സംഭവിക്കുന്നു എന്നതിനെക്കുറിച്ച് മൊർദ്ദെഖായിക്ക് സ്വാഭാവികമായും കരുതൽ ഉണ്ടായിരുന്നു (വാ. 11). എന്നാൽ കാലക്രമേണ, ദൈവം അവളെ “ഇങ്ങനെയുള്ളോരു കാലത്തേക്ക്” (4:14) ഒരു വലിയ ശക്തിയുടെ സ്ഥലത്തായിരിക്കാൻ വിളിച്ചതായി ഇരുവരും മനസ്സിലാക്കി. അവളുടെ ജനത്തെ നാശത്തിൽ നിന്ന് രക്ഷിക്കാൻ ആ അധികാരസ്ഥാനം കൊണ്ട് അവൾക്ക് സാധിച്ചു (അദ്ധ്യായം 7 – 8).
ദൈവം തന്റെ വിശിഷ്ടമായ പദ്ധതിയുടെ ഭാഗമായി എസ്ഥേറിനെ ഒരു വിചിത്രമായ സ്ഥലത്ത് പ്രതിഷ്ഠിച്ചുവെന്ന് വ്യക്തമാണ്. അവൻ എന്നോടും അതുതന്നെ ചെയ്തു. കാൻസറുമായി നീണ്ട പോരാട്ടം സഹിച്ചപ്പോൾ, അനേകം രോഗികളുമായും, പരിചരിക്കുന്നവരുമായും എന്റെ വിശ്വാസം പങ്കിടാനുള്ള പദവി എനിക്ക് ലഭിച്ചു. ഏത് വിചിത്രമായ സ്ഥലത്തേക്കാണ് അവൻ നിങ്ങളെ നയിച്ചത്? അവനിൽ ആശ്രയിക്കുക. അവൻ നല്ലവനാണ്, അവന്റെ പദ്ധതികളും നല്ലതാണ്. (റോമർ 11:33-36).
മതിൽ ഇടിച്ചു, ഐക്യം കണ്ടെത്തി
1961 മുതൽ, കുടുംബങ്ങളെയും സുഹൃത്തുക്കളെയും ബർലിൻ മതിൽ വേർപെടുത്തി. കിഴക്കൻ ജർമ്മൻ ഗവൺമെന്റ് ആ വർഷം സ്ഥാപിച്ച ഈ തടസ്സം അതിന്റെ പൗരന്മാരെ പശ്ചിമ ജർമ്മനിയിലേക്ക് പലായനം ചെയ്യുന്നതിൽ നിന്ന് തടഞ്ഞു. വാസ്തവത്തിൽ, 1949 മുതൽ ഈ മതിൽ നിർമ്മിക്കപ്പെട്ട ദിവസം വരെ, 2.5 ദശലക്ഷത്തിലധികം കിഴക്കൻ ജർമ്മൻകാർ പടിഞ്ഞാറോട്ട് കുടിയേറിയിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ 1987-ൽ മതിലിനു സമീപം നിന്നുകൊണ്ട് പ്രസിദ്ധമായ ഈ വാക്കുകൾ പറഞ്ഞു, “ഈ മതിൽ പൊളിക്കുക.'' 1989-ൽ മതിൽ പൊളിച്ചതോടെ ഈ വാക്കുകൾ യാഥാർത്ഥ്യമായി. ജർമ്മനിയുടെ ആഹ്ലാദകരമായ പുനരേകീകരണത്തിലേക്ക് നയിച്ച മാറ്റത്തിന്റെ അടിസ്ഥാനത്തെ അദ്ദേഹത്തിന്റെ വാക്കുകൾ പ്രതിഫലിപ്പിച്ചു.
യേശു തകർത്ത ഒരു “വിദ്വേഷത്തിന്റെ മതിലിനെ’’ കുറിച്ച് പൗലൊസ് എഴുതി (എഫെസ്യർ 2:14). യെഹൂദന്മാർക്കും (ദൈവം തിരഞ്ഞെടുത്ത ആളുകൾ) വിജാതീയർക്കും (മറ്റെല്ലാ ആളുകൾക്കും) ഇടയിലാണ് മതിൽ നിലനിന്നിരുന്നത്. യെരൂശലേമിൽ വലിയ ഹെരോദാവ് സ്ഥാപിച്ച പുരാതന ആലയത്തിലെ വിഭജന മതിൽ (സോറെഗ്) അതിനെ പ്രതീകപ്പെടുത്തുന്നു. അകത്തെ പ്രാകാരങ്ങൾ കാണാൻ കഴിയുമെങ്കിലും, അത് വിജാതീയരെ ആലയത്തിന്റെ പുറത്തെ പ്രാകാരങ്ങൾക്കപ്പുറത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞു. എന്നാൽ യേശു യെഹൂദന്മാർക്കും വിജാതീയർക്കും ഇടയിലും ദൈവത്തിനും എല്ലാ മനുഷ്യർക്കും ഇടയിൽ “സമാധാനവും’’ അനുരഞ്ജനവും കൊണ്ടുവന്നു. അവൻ അങ്ങനെ ചെയ്തത് “ക്രൂശിന്മേൽവെച്ചു ശത്രുത്വം ഇല്ലാതാക്കി അതിനാൽ ഇരുപക്ഷത്തെയും ഏകശരീരത്തിൽ ദൈവത്തോടു നിരപ്പിപ്പാനും തന്നേ'' (വാ. 14, 16). “അവൻ വന്നു ദൂരത്തായിരുന്ന നിങ്ങൾക്കു സമാധാനവും സമീപത്തുള്ളവർക്കു സമാധാനവും സുവിശേഷിച്ചു. ... നമുക്കു ഇരുപക്ഷക്കാർക്കും ഏകാത്മാവിനാൽ പിതാവിങ്കലേക്കു പ്രവേശനം ഉണ്ടു'' (വാ. 17-18).
ഇന്ന് പല കാര്യങ്ങളും നമ്മെ ഭിന്നിപ്പിച്ചേക്കാം. നമുക്ക് ആവശ്യമുള്ളത് ദൈവം നൽകുന്നതിനാൽ, യേശുവിൽ കണ്ടെത്തിയ സമാധാനവും ഐക്യവും അനുസരിച്ചു ജീവിക്കാൻ നമുക്ക് പരിശ്രമിക്കാം (വാ. 19-22).
സ്നേഹത്തിൽ അഭിമുഖീകരിക്കുക
അവൻ പലതും നന്നായി ചെയ്തു, പക്ഷേ ഒരു പ്രശ്നമുണ്ടായിരുന്നു. എല്ലാവരും അത് കണ്ടു. എന്നിട്ടും തന്റെ റോളിന്റെ ഭൂരിഭാഗവും നിറവേറ്റുന്നതിൽ അവൻ വളരെ ഫലപ്രദമായി പ്രവർത്തിച്ചിരുന്നതിനാൽ, അവന്റെ കോപ പ്രശ്നം വേണ്ടത്ര അഭിസംബോധന ചെയ്യപ്പെട്ടില്ല. ആ വിഷയത്തിൽ ആരും അവനെ ഒരിക്കലും നേരിട്ട് അഭിമുഖീകരിച്ചില്ല. ദുഃഖകരമെന്നു പറയട്ടെ, ഇത് വർഷങ്ങളായി നിരവധി ആളുകൾക്ക് പരിക്കേൽക്കുന്നതിൽ കലാശിച്ചു. അവസാനം, ഇത് ക്രിസ്തുവിലുള്ള ഈ സഹോദരനെ സംബന്ധിച്ചിടത്തോളം മികച്ച ഒരു സ്ഥാനത്ത് എത്തുന്നതിനെ തടഞ്ഞുകൊണ്ട് അകാലത്തിൽ വിരമിക്കേണ്ടിവന്നു. പണ്ടേ ഞാൻ അവനെ ്നേഹത്തോടെ അഭിമുഖീകരിക്കാൻ തീരുമാനിച്ചിരുന്നെങ്കിൽ അതു സംഭവിക്കയില്ലായിരുന്നു.
ഉല്പത്തി 4-ൽ, സ്നേഹത്തിൽ ഒരാളുടെ പാപത്തെ അഭിമുഖീകരിക്കുക എന്നതിന്റെ പൂർണ്ണമായ ചിത്രം ദൈവം നൽകുന്നു. കയീൻ പ്രകോപിതനായി. ഒരു കർഷകനായിരുന്നതിനാൽ, “കയീൻ നിലത്തെ അനുഭവത്തിൽനിന്നു യഹോവെക്കു ഒരു വഴിപാടു കൊണ്ടുവന്നു'' (വാ. 3). എന്നാൽ അവൻ കൊണ്ടുവന്നത് സ്വീകാര്യമല്ലെന്ന് ദൈവം വ്യക്തമാക്കി. കയീന്റെ വഴിപാട് നിരസിക്കപ്പെട്ടു, “കയീന്നു ഏറ്റവും കോപമുണ്ടായി, അവന്റെ മുഖം വാടി’’ (വാ.5). അതിനാൽ, ദൈവം അവനെ അഭിമുഖീകരിച്ച്, ''നീ കോപിക്കുന്നതു എന്തിന്നു?'' എന്ന് ചോദിച്ചു (വാ. 6). പിന്നീട് അവൻ കയീനോട് തന്റെ പാപത്തിൽ നിന്ന് പിന്തിരിഞ്ഞ് നന്മ പിന്തുടരാൻ പറഞ്ഞു. ഖേദകരമെന്നു പറയട്ടെ, കയീൻ ദൈവത്തിന്റെ വാക്കുകൾ അവഗണിച്ചു, ഒരു ഭീകരമായ പ്രവൃത്തി ചെയ്തു (വാ. 8).
പാപപൂർണ്ണമായ പെരുമാറ്റങ്ങളിൽ നിന്ന് പിന്തിരിയാൻ നമുക്ക് മറ്റുള്ളവരെ നിർബന്ധിക്കാൻ കഴിയില്ലെങ്കിലും, നമുക്ക് അവരെ കരുണയോടെ നേരിടാൻ കഴിയും. നമുക്ക് “സ്നേഹത്തിൽ സത്യം സംസാരിക്കാൻ’’ കഴിയും, അങ്ങനെ നമ്മൾ രണ്ടുപേരും “കൂടുതൽ കൂടുതൽ ക്രിസ്തുവിനെപ്പോലെ’’ ആകും (എഫെസ്യർ 4:15). കൂടാതെ, ദൈവം നമ്മെകേൾക്കാൻ സഹായിക്കുന്നതനുസരിച്ച്, മറ്റുള്ളവരിൽ നിന്ന് സത്യത്തിന്റെ കഠിനമായ വാക്കുകൾ സ്വീകരിക്കാനും കഴിയും.
അറിയുകയും സ്നേഹിക്കുകയും
''എന്റെ മകനു നിങ്ങളെ അറിയാമോ?'' എന്ന ശക്തമായ ലേഖനത്തിൽ, സ്പോർട്സ് എഴുത്തുകാരനായ ജോനാഥൻ ജാർക്സ് തന്റെ ടെർമിനൽ ക്യാൻസറുമായുള്ള പോരാട്ടത്തെക്കുറിച്ചും തന്റെ ഭാര്യയെയും ഇളയ മകനെയും മറ്റുള്ളവർ നന്നായി പരിപാലിക്കണമെന്ന ആഗ്രഹത്തെക്കുറിച്ചും എഴുതി. മരിക്കുന്നതിന് ആറുമാസം മുമ്പാണ് മുപ്പത്തിനാലുകാരൻ ഈ ലേഖനം എഴുതിയത്. യൗവ്വനത്തിൽ പിതാവ് മരിച്ച, യേശുവിൽ വിശ്വസിക്കുന്ന ജാർക്സ്, വിധവകളുടെയും അനാഥരുടെയും സംരക്ഷണത്തെക്കുറിച്ച് സംസാരിക്കുന്ന തിരുവെഴുത്തുകൾ പങ്കുവെച്ചു (പുറപ്പാട് 22:22; യെശയ്യാവ് 1:17; യാക്കോബ് 1:27). തന്റെ സുഹൃത്തുക്കൾക്ക് അദ്ദേഹം എഴുതി, ''ഞാൻ നിങ്ങളെ സ്വർഗ്ഗത്തിൽ കാണുമ്പോൾ, ഞാൻ ചോദിക്കാൻ പോകുന്നത് ഒന്നേയുള്ളൂ- നിങ്ങൾ എന്റെ മകനോടും ഭാര്യയോടും നല്ലവരായിരുന്നോ? . . . എന്റെ മകനു നിങ്ങളെ അറിയാമോ?''
ദാവീദ് രാജാവ് ചോദിച്ചു, “ഞാൻ [തന്റെ പ്രിയ സുഹൃത്ത്] യോനാഥാന്റെ നിമിത്തം ദയ കാണിക്കേണ്ടതിന്നു ശൗലിന്റെ കുടുംബത്തിൽ ആരെങ്കിലും ശേഷിച്ചിരിക്കുന്നുവോ'' (2 ശമൂവേൽ 9:1). ഒരു അപകടം മൂലം “ഇരു കാലിനും മുടന്തുള്ള’’ (വാ. 3), യോനാഥന്റെ മകൻ, മെഫിബോശെത്തിനെ, രാജാവിന്റെ അടുക്കൽ കൊണ്ടുവന്നു (കാണുക 4:4). ദാവീദ് അവനോടു: “നിന്റെ അപ്പനായ യോനാഥാന്റെ നിമിത്തം ഞാൻ നിന്നോടു ദയകാണിച്ചു നിന്റെ അപ്പനായ ശൗലിന്റെ നിലം ഒക്കെയും നിനക്കു മടക്കിത്തരുന്നു; നീയോ നിത്യം എന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുകൊള്ളേണം”' (9:7). ദാവീദ് മെഫിബോശെത്തിനോട് സ്നേഹപൂർവ്വമായ കരുതൽ കാണിച്ചു, കാലക്രമേണ അവൻ അവനെ ശരിക്കും അറിയാൻ സാധ്യതയുണ്ട് (19:24-30 കാണുക).
നമ്മെ സ്നേഹിക്കുന്നതുപോലെ മറ്റുള്ളവരെയും സ്നേഹിക്കാനാണ് യേശു നമ്മെ വിളിച്ചിരിക്കുന്നത് (യോഹന്നാൻ 13:34). അവൻ നമ്മിൽ പ്രവർത്തിക്കുമ്പോൾ, നമുക്ക് അവരെ നന്നായി അറിയുകയും സ്നേഹിക്കുകയും ചെയ്യാം.
സ്വന്തം കാലിൽ തന്നെ അമ്പെയ്യുക
2021-ൽ, ചരിത്രത്തിലെ മറ്റാരേക്കാളും ദൂർത്തിൽ അമ്പ് എയ്യാൻ അതിമോഹമുള്ള ഒരു എഞ്ചിനീയർ 2,028 അടി എന്ന റെക്കോർഡ് തിരുന്നതാൻ ലക്ഷ്യംവെച്ചു. ഉപ്പു പരലിനു മുകളിൽ മലർന്നു കിടന്ന്, അയാൾ സ്വയമായി രൂപകൽപ്പന ചെയ്ത കാൽ വില്ലിന്റെ ഞാൺ വലിച്ച് ഒരു മൈലിലധികം (5,280 അടി) ദൂരത്തേക്ക് (പുതിയ റെക്കോർഡ്) അമ്പയയ്ക്കാൻ തയ്യാറെടുത്തു. ദീർഘനിശ്വാസമെടുത്ത് അയാൾ അമ്പയച്ചു. അത് ഒരു മൈൽ യാത്ര ചെയ്തില്ല. വാസ്തവത്തിൽ, അത് ഒരടിയിൽ താഴെ മാത്രമേ യാത്ര ചെയ്തുള്ളു - അയാളുടെ സ്വന്തം കാലിലേക്കാണതു പതിച്ചത്, കാര്യമായ അപകടം വരുത്തുകയും ചെയ്തു. അയ്യോ!
ചിലപ്പോൾ വഴിതെറ്റിയ അഭിലാഷത്തോടെ, ആലങ്കാരികമായി നാം നമ്മുടെ കാലിൽ തന്നെ അമ്പെയ്തേക്കാം. യാക്കോബിനും യോഹന്നാനും എന്തെങ്കിലും നല്ല ആഗ്രഹത്തോടെ അന്വേഷിക്കുക എന്നതിന്റെ അർത്ഥം അറിയാമായിരുന്നു, പക്ഷേ തെറ്റായ കാരണങ്ങളാൽ. “നിന്റെ മഹത്വത്തിൽ ഞങ്ങളിൽ ഒരുത്തൻ നിന്റെ വലത്തും ഒരുത്തൻ ഇടത്തും ഇരിക്കാൻ വരം നല്കേണം” എന്ന് അവർ യേശുവിനോട് ആവശ്യപ്പെട്ടു (മർക്കൊസ് 10:37). അവർ “പന്ത്രണ്ടു സിംഹാസനത്തിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിന്നും ന്യായം വിധിക്കും” (മത്തായി 19:28) എന്ന് ശിഷ്യന്മാരോട് യേശു പറഞ്ഞിരുന്നു, അതിനാൽ അവർ ഈ അഭ്യർത്ഥന നടത്തിയത് എന്തുകൊണ്ടാണെന്ന് കാണാൻ എളുപ്പമാണ്. പ്രശ്നം? അവർ സ്വാർത്ഥതയോടെ ക്രിസ്തുവിന്റെ മഹത്വത്തിൽ തങ്ങളുടെ ഉന്നതമായ സ്ഥാനവും അധികാരവും തേടുകയായിരുന്നു. അവരുടെ അഭിലാഷം അസ്ഥാനത്താണെന്ന് യേശു അവരോട് പറഞ്ഞു (മർക്കൊസ് 10:38) “നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം” (വാ. 43).
ക്രിസ്തുവിനുവേണ്ടി നല്ലതും മഹത്തായതുമായ കാര്യങ്ങൾ ചെയ്യാൻ നാം ലക്ഷ്യമിടുമ്പോൾ, നമുക്ക് അവന്റെ ജ്ഞാനവും മാർഗ്ഗനിർദ്ദേശവും തേടാം-അവൻ നന്നായി ചെയ്തതുപോലെ മറ്റുള്ളവരെ താഴ്മയോടെ സേവിക്കുക (വാ. 45).
വ്യക്തിപരമായ ഉത്തരവാദിത്തം
എന്റെ സുഹൃത്തിന്റെ കണ്ണുകൾ എന്റെ വികാരത്തെ വെളിപ്പെടുത്തി- ഭയം! ഞങ്ങൾ രണ്ട് കൗമാരക്കാർ മോശമായി പെരുമാറി, ഇപ്പോൾ ക്യാമ്പ് ഡയറക്ടറുടെ മുമ്പാകെ ഭയന്നു. ഞങ്ങളുടെ പിതാക്കന്മാരെ നന്നായി അറിയാവുന്ന ആ മനുഷ്യൻ, ഞങ്ങളുടെ പിതാക്കന്മാർ വല്ലാതെ നിരാശരാകുമെന്ന് സ്നേഹത്തോടെ എന്നാൽ ഗൗരവത്തോടെ ചൂണ്ടിക്കാണിച്ചു. മേശയ്ക്കടിയിൽ നുഴഞ്ഞുകയറാൻ ഞങ്ങൾ ആഗ്രഹിച്ചു-ഞങ്ങളുടെ കുറ്റത്തിന്റെ വ്യക്തിപരമായ ഉത്തരവാദിത്തത്തിന്റെ ഭാരം ഞങ്ങൾക്കനുഭവപ്പെട്ടു.
യെഹൂദയിലെ ജനങ്ങൾക്കായി ദൈവം സെഫന്യാവിന് ഒരു സന്ദേശം നൽകി, അതിൽ പാപത്തിന്റെ വ്യക്തിപരമായ ഉത്തരവാദിത്തത്തെക്കുറിച്ചുള്ള ശക്തമായ വാക്കുകൾ അടങ്ങിയിരുന്നു (സെഫന്യാവ് 1:1, 6-7). യെഹൂദയുടെ ശത്രുക്കൾക്കെതിരെ അവൻ കൊണ്ടുവരുന്ന ന്യായവിധികൾ വിവരിച്ച ശേഷം (അദ്ധ്യായം 2), അവൻ തന്റെ കുറ്റക്കാരായ, ഞെരുങ്ങുന്ന ആളുകളിലേക്ക് കണ്ണുതിരിച്ചു (അദ്ധ്യായം 3). “മത്സരവും മലിനതയും ഉള്ളതും പീഡിപ്പിക്കുന്നതും ആയ നഗരത്തിന്നു അയ്യോ കഷ്ടം!” ദൈവം പ്രഖ്യാപിച്ചു (3:1). “അവർ ജാഗ്രതയോടെ തങ്ങളുടെ ദുഷ്പ്രവൃത്തികൾ ഒക്കെയും ചെയ്തുപോന്നു” (വാ. 7).
അവൻ തന്റെ ജനത്തിന്റെ മരവിച്ച ഹൃദയങ്ങൾ-അവരുടെ ആത്മീയ നിസ്സംഗത, സാമൂഹിക അനീതി, വൃത്തികെട്ട അത്യാഗ്രഹം എന്നിവ - കണ്ടു. അവൻ സ്നേഹപൂർവമായ അച്ചടക്കം കൊണ്ടുവരികയായിരുന്നു. വ്യക്തികളോ പ്രഭുക്കളോ, ന്യായാധിപന്മാരോ പ്രവാചകന്മാരോ (വാ. 3-4) എന്ന വ്യത്യാസമില്ലാതെ എല്ലാവരും അവന്റെ മുമ്പിൽ കുറ്റക്കാരായിരുന്നു.
യേശുവിൽ വിശ്വസിക്കുന്നവരും പാപത്തിൽ തുടരുന്നവരുമായ ആളുകൾക്ക്് അപ്പൊസ്തലനായ പൗലൊസ് എഴുതി: ''നീ ദൈവത്തിന്റെ നീതിയുള്ള വിധി വെളിപ്പെടുന്ന കോപദിവസത്തേക്കു നിനക്കു തന്നേ കോപം ചരതിച്ചുവെക്കുന്നു. അവൻ ഔരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്ക പകരം ചെയ്യും'' (റോമർ 2:5-6). അതിനാൽ, യേശുവിന്റെ ശക്തിയിൽ, നമ്മുടെ പരിശുദ്ധനും സ്നേഹനിധിയുമായ പിതാവിനെ ബഹുമാനിക്കുന്ന വിധത്തിൽ, പശ്ചാത്താപത്തിനിടയില്ലാത്ത വിധത്തിൽ നമുക്ക് ജീവിക്കാം.
സ്വാതന്ത്ര്യം നൽകുന്ന അനുസരണം
കൗമാരക്കാരിയുടെ മുഖത്തെ ഭാവം പരിഭ്രമവും ലജ്ജയും പ്രതിഫലിപ്പിച്ചു. 2022-ലെ വിന്റർ ഒളിമ്പിക്സിലേക്ക് പോകുമ്പോൾ, ഫിഗർ സ്കേറ്റർ എന്ന നിലയിൽ അവളുടെ വിജയം സമാനതകളില്ലാത്തതായിരുന്നു-ചാമ്പ്യൻഷിപ്പുകളുടെ ഒരു നിര അവളെ ഒരു സ്വർണ്ണ മെഡൽ നേടാനുള്ള ഒരു മികച്ച ഫോമിൽ ആക്കിയിരുന്നു. എന്നാൽ പിന്നീട് ഒരു പരിശോധനാഫലം അവളുടെ സിസ്റ്റത്തിൽ നിരോധിത പദാർത്ഥം കണ്ടെത്തി. പ്രതീക്ഷകളുടെയും അപലപനങ്ങളുടെയും അപാരമായ ഭാരം അവളുടെ മേൽ അടിച്ചേല്പിക്കപ്പെട്ടതിനാൽ, ഫ്രീ-സ്കേറ്റ് പ്രോഗ്രാമിനിടെ അവൾ ഒന്നിലധികം തവണ വീണു, വിജയികളുടെ പ്ലാറ്റ്ഫോമിൽ അവൾ നിന്നില്ല-മെഡലില്ല. ആരോപണത്തിനു മുമ്പ് അവൾ കലാസ്വാതന്ത്ര്യവും സർഗ്ഗാത്മകതയും പ്രദർശിപ്പിച്ചിരുന്നു, എന്നാൽ ഇപ്പോൾ ഒരു നിയമലംഘനത്തിന്റെ ആരോപണം അവളെ തകർന്ന സ്വപ്നങ്ങളിൽ തളച്ചിട്ടു.
മനുഷ്യരാശിയുടെ ആദ്യനാളുകൾ മുതൽ, നാം നമ്മുടെ സ്വതന്ത്ര ഇച്ഛാശക്തി പ്രയോഗിക്കുമ്പോൾ അനുസരണത്തിന്റെ പ്രാധാന്യം ദൈവം വെളിപ്പെടുത്തിയിട്ടുണ്ട്. അനുസരണക്കേട് ആദാമിനെയും ഹവ്വായെയും നമ്മെയെല്ലാവരെയും വിനാശകരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുന്നു, പാപം നമ്മുടെ ലോകത്തിന് തകർച്ചയും മരണവും കൊണ്ടുവന്നു (ഉല്പത്തി 3:6-19). അത് അങ്ങനെ ആയിരിക്കേണ്ടിയിരുന്നില്ല. “തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം-ഒരെണ്ണമൊഴികെ” എന്ന് ദൈവം രണ്ടുപേരോടും പറഞ്ഞിരുന്നു (2:16-17). തങ്ങളുടെ ''കണ്ണുകൾ തുറക്കപ്പെടുമെന്നും [അവർ] ദൈവത്തെപ്പോലെയാകുമെന്നും'' കരുതി അവർ വിലക്കപ്പെട്ട ''നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷഫലം'' (3:5; 2:17) ഭക്ഷിച്ചു. പാപവും അപമാനവും മരണവും പിന്നാലെ വന്നു.
നമുക്ക് ആസ്വദിക്കാനുള്ള സ്വാതന്ത്ര്യവും ധാരാളം നല്ല കാര്യങ്ങളും ദൈവം കൃപയോടെ നൽകുന്നു (യോഹന്നാൻ 10:10). സ്നേഹത്തിൽ, നമ്മുടെ നന്മയ്ക്കായി അവനെ അനുസരിക്കാൻ അവൻ നമ്മെയും വിളിക്കുന്നു. അനുസരണം തിരഞ്ഞെടുക്കാനും സന്തോഷം നിറഞ്ഞതും ലജ്ജിക്കേണ്ടതില്ലാത്തതുമായ ജീവിതം കണ്ടെത്താൻ അവൻ നമ്മെ സഹായിക്കട്ടെ.
കൃപയും മാറ്റവും
കുറ്റകൃത്യം ഞെട്ടിക്കുന്നതായിരുന്നു, അത് ചെയ്തയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തുടർന്നുള്ള വർഷങ്ങളിൽ, ഏകാന്തതടവിൽവെച്ച് ആ മനുഷ്യനിൽ മാനസികവും ആത്മീയവുമായ രോഗശാന്തിയുടെ ഒരു പ്രക്രിയ ആരംഭിച്ചു. അത് മാനസാന്തരത്തിലേക്കും യേശുവുമായുള്ള പുനഃസ്ഥാപിതമായ ബന്ധത്തിലേക്കും നയിച്ചു. ഈ ദിവസങ്ങളിൽ മറ്റ് തടവുകാരുമായി പരിമിതമായ ആശയവിനിമയം അനുവദിച്ചിട്ടുണ്ട്. കൂടാതെ, ദൈവകൃപയാൽ, അവന്റെ സാക്ഷ്യത്താൽ ചില സഹതടവുകാർ ക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കുകയും അവനിൽ പാപമോചനം കണ്ടെത്തുകയും ചെയ്തു.
മോശെ, ഇപ്പോൾ വലിയ വിശ്വാസവീരനായി അംഗീകരിക്കപ്പെടുന്നുണ്ടെങ്കിലും, ഞെട്ടിക്കുന്ന ഒരു കുറ്റകൃത്യം ചെയ്തവനായിരുന്നു. 'തന്റെ സഹോദരന്മാരിൽ ഒരു എബ്രായനെ ഒരു മിസ്രയീമ്യൻ അടിക്കുന്നതു കണ്ടു. അവൻ അങ്ങോട്ടും ഇങ്ങോട്ടും നോക്കീട്ടു ആരും ഇല്ലെന്നു കണ്ടപ്പോൾ മിസ്രയീമ്യനെ അടിച്ചു കൊന്നു മണലിൽ മറവുചെയ്തു' (പുറപ്പാട് 2:11-12). ഈ പാപം ചെയ്തിട്ടും, ദൈവം തന്റെ കൃപയാൽ തന്റെ അപൂർണ ദാസനെ ഉപേക്ഷിച്ചില്ല. പിന്നീട്, തന്റെ ജനത്തെ അവരുടെ അടിമത്വത്തിൽ നിന്ന് മോചിപ്പിക്കാൻ അവൻ മോശയെ തിരഞ്ഞെടുത്തു (3:10). റോമർ 5:14-ൽ നാം വായിക്കുന്നു, 'ആദാമിന്റെ ലംഘനത്തിന്നു തുല്യമായി പാപം ചെയ്യാത്തവരിലും മരണം ആദാം മുതൽ മോശെവരെ വാണിരുന്നു.' എന്നാൽ പിൻവരുന്ന വാക്യങ്ങളിൽ പൗലൊസ് പ്രസ്താവിക്കുന്നത് നമ്മുടെ മുൻകാല പാപങ്ങൾ പരിഗണിക്കാതെ തന്നെ, നമുക്കു മാറ്റം വരുത്തുവാനും അവനുമായി നിരപ്പുപ്രാപിക്കുവാനും 'ദൈവകൃപ' നമ്മെ സഹായിക്കുന്നു (വാ. 15-16).
നാം ചെയ്ത കാര്യങ്ങൾ ദൈവത്തിന്റെ ക്ഷമയെ അറിയുന്നതിനും അവന്റെ മഹത്വത്തിനായി ഉപയോഗിക്കപ്പെടുന്നതിനും നമ്മെ അയോഗ്യരാക്കുന്നു എന്ന് നാം ചിന്തിച്ചേക്കാം. എന്നാൽ അവന്റെ കൃപ നിമിത്തം, യേശുവിൽ നാം രൂപാന്തരപ്പെടുകയും മറ്റുള്ളവരെ നിത്യതയിലേക്ക് നയിക്കുന്നതിനു സഹായിക്കുകയും ചെയ്യുവാൻ തക്കവണ്ണം നമ്മെ സ്വതന്ത്രരാക്കുന്നു.
തൊലിപ്പുറത്തെക്കാൾ ആഴത്തിൽ
യേശുവിൽ വിശ്വസിക്കുന്ന ചെറുപ്പക്കാരനായ ജോസ് തന്റെ സഹോദരന്റെ സഭ സന്ദർശിക്കുകയായിരുന്നു. ശുശ്രൂഷ ആരംഭിക്കുന്നതിനു മുമ്പ് ആലയത്തിലേക്കു പ്രവേശിച്ച അവനെ കണ്ടപ്പോൾ അവന്റെ സഹോദരന്റെ മുഖം വാടി. ടീ-ഷർട്ട് ധരിച്ചിരുന്നതിനാൽ ജോസിന്റെ രണ്ട് കൈകളെയും മൂടിയിരുന്ന ടാറ്റൂകൾ ദൃശ്യമായിരുന്നു. ജോസിന്റെ പല ടാറ്റൂകളിലും അവന്റെ ഭൂതകാല ജീവിതരീതി പ്രതിഫലിച്ചിരുന്നതിനാൽ വീട്ടിൽ പോയി ഫുൾ കൈയുള്ള ഒരു ഷർട്ട് ധരിച്ചുവരാൻ അവന്റെ സഹോദരൻ അവനോട് പറഞ്ഞു. ജോസിന് പെട്ടെന്ന് താൻ ആകം വൃത്തികെട്ടതായി തോന്നി. എന്നാൽ മറ്റൊരാൾ സഹോദരന്മാരുടെ സംസാരം കേട്ടിട്ട് ജോസിനെ പാസ്റ്ററുടെ അടുത്തേക്ക് കൊണ്ടുവന്ന് സംഭവിച്ച കാര്യം പറഞ്ഞു. പാസ്റ്റർ പുഞ്ചിരിച്ചുകൊണ്ട് ഷർട്ടിന്റെ ബട്ടൺ അഴിച്ചു, തന്റെ നെഞ്ചിലുള്ള ഒരു വലിയ ടാറ്റൂ കാണിച്ചുകൊടുത്തു-തന്റെ തന്നെ ഭൂതകാലത്തിൽ നിന്നുള്ള ഒന്ന്. ദൈവം അവനെ ഉള്ളത്തെ ശുദ്ധമാക്കിയതിനാൽ, കൈകൾ മറയ്ക്കേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം ജോസിന് ഉറപ്പ് നൽകി.
ദൈവത്താൽ ശുദ്ധീകരിക്കപ്പെട്ടതിന്റെ സന്തോഷം ദാവീദ് അനുഭവിച്ചു. അവനോട് പാപം ഏറ്റുപറഞ്ഞ ശേഷം രാജാവ് എഴുതി, ''ഓ, അനുസരണക്കേട് ക്ഷമിക്കപ്പെട്ടവരുടേയും പാപം മറയ്ക്കപ്പെട്ടവരുടേയും ... സന്തോഷം എത്ര വലിയത്!'' (സങ്കീർത്തനം 32:1 NLT ) . "ഹൃദയപരമാർത്ഥികളായ'' മറ്റുള്ളവരോടുകൂടെ ''ഘോഷിച്ചുല്ലസിക്കാൻ'' അവനു കഴിഞ്ഞു (വാ. 11). യേശുവിലുള്ള വിശ്വാസം രക്ഷയിലേക്കും അവന്റെ മുമ്പാകെ നിർമ്മലമായ ജീവിതത്തിലേക്കും നയിക്കുന്നുവെന്ന് പ്രഖ്യാപിക്കുന്ന ഒരു ഭാഗമായ റോമർ 4:7-8-ൽ അപ്പൊസ്തലനായ പൗലൊസ് പിന്നീട് സങ്കീർത്തനം 32:1-2 ഉദ്ധരിച്ചു (റോമർ 4:23-25 കാണുക).
യേശുവിലുള്ള നമ്മുടെ പരിശുദ്ധി തൊലിപ്പുറത്തെക്കാൾ ആഴത്തിലുള്ളതാണ്, കാരണം അവൻ നമ്മുടെ ഹൃദയങ്ങളെ അറിയുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നു (1 ശമൂവൽ 16:7; 1 യോഹന്നാൻ 1:9). ഇന്ന് അവന്റെ ശുദ്ധീകരണ പ്രവൃത്തിയിൽ നമുക്ക് സന്തോഷിക്കാം.
ഒരു ചെറിയ തുടക്കം
1883-ൽ നിർമ്മാണം പൂർത്തിയായപ്പോൾ ബ്രൂക്ക്ലിൻ പാലം "ലോകത്തിലെ എട്ടാമത്തെ അത്ഭുതം" ആയി കണക്കാക്കപ്പെട്ടു. എന്നാൽ പാലത്തിന്റെ ഒരു ടവറിൽ നിന്ന് മറ്റൊന്നിലേക്ക് കെട്ടിയ ഒരു നേർത്ത കമ്പി, ഘടനയുടെ ഫലപ്രാപ്തിക്ക് അത്യന്താപേക്ഷിതമായിരുന്നു. ഒരു കൂറ്റൻ കേബിളും മറ്റ് മൂന്നെണ്ണവും ചേർത്ത് നെയ്തെടുക്കുന്നതുവരെ ആദ്യത്തെ നേർത്ത കമ്പിയിൽ അധിക വയറുകൾ ചേർത്തു. അവ പൂർത്തിയായപ്പോൾ - ലോഹം പൂശിയ അയ്യായിരത്തിലധികം കമ്പികൾ ഉള്ള - ഓരോ കേബിളും ഏറ്റവും നീളം കൂടിയ തൂക്കുപാലത്തെ ഓരോ ദിവസവും താങ്ങിനിർത്താൻ സഹായിച്ചു. ഏറ്റവും ചെറുതായി തുടങ്ങിയത് ബ്രൂക്ക്ലിൻ പാലത്തിന്റെ വലിയൊരു ഭാഗമായി മാറി.
യേശുവിന്റെ ജീവിതം വളരെ ചെറിയ രീതിയിലാണ് ആരംഭിച്ചത് - ഒരു ചെറിയ പട്ടണത്തിൽ ഒരു കുഞ്ഞ് ജനിക്കയും പുൽത്തൊട്ടിയിൽ കിടത്തുകയും ചെയ്തു.(ലൂക്കോസ് 2:7). പ്രവാചകനായ മീഖാ തന്റെ എളിയ ജനനത്തെക്കുറിച്ച് പ്രവചിച്ചു, “നീയോ, ബേത്ത്ളേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവന് എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ”. (മീഖാ 5:2; മത്തായി 2-ഉം കാണുക: 6). ഒരു ചെറിയ തുടക്കം, എന്നാൽ ഈ ഭരണാധികാരിയും ഇടയനും അവന്റെ പ്രശസ്തിയും ദൗത്യവും "ഭൂമിയുടെ അറ്റങ്ങൾ വരെ എത്തും" (മീഖാ 5:4) എന്നത് കാണും.
യേശു ഒരു ചെറിയ പട്ടണത്തിൽ ഒരു സാധാരണക്കാരനായി ജനിച്ചു, ഭൂമിയിലെ അവന്റെ ജീവിതം അവസാനിച്ചത് "അവൻ തന്നെത്തന്നെ താഴ്ത്തി" ഒരു "കുരിശിൽ" മരിച്ചാണ്(ഫിലിപ്പിയർ 2:8 NLT). എന്നാൽ അവന്റെ അപാരമായ ത്യാഗത്താൽ അവൻ നമുക്കും ദൈവത്തിനും ഇടയിലുള്ള വിടവ് നികത്തി-വിശ്വസിക്കുന്ന എല്ലാവർക്കും രക്ഷ നൽകുന്നു. ഈ സീസണിൽ, വിശ്വാസത്താൽ താങ്കൾക്ക് യേശുവിൽ ദൈവത്തിന്റെ മഹത്തായ സമ്മാനം ലഭിക്കട്ടെ. താങ്കൾ വിശ്വസിക്കുന്നുവെങ്കിൽ, അവൻ താങ്കൾക്കായി ചെയ്തിരിക്കുന്ന എല്ലാത്തിനും താഴ്മയോടെ അവനെ വീണ്ടും സ്തുതിക്കാം.